Sunday, June 5, 2011

രക്തസാക്ഷി

മുന്നില്‍
 മൂര്‍ച്ചവരുത്തിയ ഇടിമിന്നല്‍ 
കനത്ത പേമാരി 
ഇടക്കുപായുന്ന കറുത്ത വണ്ടികള്‍ . 

മരിച്ച വീട്ടിലെ ആകെയുള്ള കുടകീഴില്‍ 
നനഞ്ഞ കത്തിയില്‍ അമര്‍ന്ന്‌ ഞാന്‍. 

ജീവന്‍ 
 മുനിഞ്ഞു കത്തുന്നതാണീ സ്നേഹം 
ചിതയ്ക്ക്‌ വെയ്ക്കുവാന്‍ 
പ്രണയം ചുരത്തല്ലെ. 

  പാത 
 അസ്തമയത്തിലേയ്ക്ക്‌ 
നടക്കാനുള്ളതാണീ പാലം. 
വെയില്‍ മുഷിഞ്ഞ്‌ 
തിരിച്ചു വരാന്‍ ഓര്‍മ്മകള്ളുണ്ടാവും 
 കടവില്‍ നനഞ്ഞങ്ങനെ.

പ്രണയം 
 അരികുപിഞ്ഞിയ
 പുത്തനുടുപ്പിന്ടെ അടിയില്‍
 സദാചാരം ചിരിച്ചുറങ്ങുന്നു.
 പതിയെ ജീവന്ടെ തണുത്ത പൂമരം
 അടുത്ത ജാരന്ടെ അടുപ്പില്‍ കായുന്നു. 
 പൊറുക്കിയെണ്ണുന്ന കടുത്ത നാളങ്ങള്- 
ക്കിടയിലിഴയ്യുന്നു മരിച്ച വിത്തുകള്‍

Tuesday, December 15, 2009

പറഞ്ഞു നനഞ്ഞെന്ടെ ചോര വാര്‍ന്നിരിക്കുന്നു

രാത്രി

ചിന്തകളെ ചുട്ടെടുക്കാനുള്ളതാണ്‌,

പകല്‍ ശൂന്യതയില്‍ നടന്നുതീര്‍ക്കാനും.

പിന്നെ മരിക്കാന്‍ എവിടെയാണു നേരം.

അതെ...

മൂന്നമതൊരു നേരം വേണം.

തേങ്ങലിന്‍ മുനകളില്ലാതെ,

കൂര്‍ക്കംവലിയുടെ തെറികളില്ലാതെ,

ഇരുട്ടും വെളിച്ചവുമില്ലാത്ത നേരം.

ക്ലോക്കില്‍നിന്നും തെറിച്ചുനില്ക്കുന്നനേരം.

തണുപ്പില്‍ ഇഴഞ്ഞിറങ്ങാനുള്ള നേരം.

ഛെ.....

നിനച്ച സ്വപ്നങ്ങളില്‍ നിഴലു തൂര്‍ന്നിരിക്കുന്നു.

മരിച്ച കടലുകളില്‍ കാലമിരമ്പുന്നു.

കറുത്ത മേഘങ്ങളില്‍

കനിവിന്ടെ ജീവനൊളിക്കുന്നു.

ഇപ്പോള്‍.....

മുഷിഞ്ഞ ഭാവനയില്‍ നിണം പൊടിയുന്നു.

ഇന്നും....

പറഞ്ഞു നനഞ്ഞെന്ടെ

ചോര വാര്‍ന്നിരിക്കുന്നു

Friday, December 4, 2009

എന്തിനായിരിക്കുംചിലന്തികള്‍

തിളങ്ങുന്ന വജ്രനൂലുകള്‍എന്തിനെന്ന്‌
നിനക്കറിയാം.
ജല്പനംകൊണ്ട്‌ ഹരിച്ചും,
പ്രണയംകൊണ്ട്‌ ഗുണിച്ചും,
സ്വപ്നങ്ങളുടെ ചതുര-വട്ടങ്ങളില്‍ രമിച്ചും
എത്ര കാലമായി
ഈചരിത്രകാരന്മാര്‍
മറവികളില്‍ ഊളിയിടുന്നു.
ഇരുമ്പ് മാംസത്തിലേക്കെത്തി-
നോക്കുമ്പോലെ നിഴലുകള്‍ പിടയുമ്പോഴും,
അളയില്‍നിന്നൂര്‍ന്നു വീഴുന്ന
പ്രതീക്ഷകളില്‍ ‍വാളുകള്‍ രണ്ടായി പകുക്കുമ്പോഴും,
ചിരിയുടെ രൌധ്രതകളില്‍ കോമ്പല്ലുകള്‍
ചൂണ്ടുവിരലിനെ മുറിപെടുത്തുമ്പോഴും,
നുരഞ്ഞുപൊന്തുന്ന ഗ്ലാസ്സുകള്‍
കനവില്‍
കളംവിട്ടോടിയകലുമ്പോഴും
മതിവന്ന രതിയില്‍
മരണം വെറുമൊരു
കുറുകലായിപിടഞൊടുങ്ങുമ്പോഴും..........
എന്തിനായിരിക്കും
ചിലന്തികള്‍
മച്ചിന്‍പുറങ്ങളില് ‍താളമിടുന്നത്‌!

Sunday, November 15, 2009

എവിടെയായിരിക്കും കക്കകള്‍ പരതിയത്

നനഞ്ഞ കൊടിപോലെ ഒരാള്‍
മരണത്തിലേക്ക് കുതറിയോടിയത് ഇന്നലേയാണ്.

തികച്ചും ശാന്തനായി....
അരുമയായ കുഞ്ഞിന്റെ കൈവിരലില്‍
പതുക്കെ ചുംബിച്ച്,
കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന
ഭാര്യയുടെ തണുത്ത കൈവെള്ളയില്‍
വെറുതെയമര്‍ത്തി!
അതെ!
നനഞ്ഞ കൊടിപോലെ ഒരാള്‍
മരണത്തിലേക്ക് കുതറിയോടിയത്
ഇന്നലേയാണ്....

ചിതറിവീണ നനുത്ത ചോരയില്‍
ചവിട്ടിനിന്ന കാക്കകള്‍
പരതിയെത്തിയതെവിടെയാണ്
പലിശ തിന്ന പുലയാടിനായ്ക്കള്‍
മടികുത്തുകള്‍ ചവിട്ടിയഴിച്ച സ്വാമിമാര്‍
‍സെല്‍ ഫോണിന്റെ ഈണങ്ങളില്‍
മരണം കടമെടുത്ത കുട്ടികള്‍
പിന്നെ! .....പിന്നെ..
എവിടെയായിരിക്കും കക്കകള്‍
പരതിയത്.
മലവും കഫവും നനച്ച പാളങ്ങളില്‍
‍ഞെരിഞ്ഞ നെഞ്ഞുകള്‍
കരഞ്ഞാര്‍ത്ത സ്വപ്നങ്ങളില്‍......
ചികഞ്ഞ് മാറ്റിയിടുന്ന
കാവല്‍ക്കാരില്‍ ഞാന്‍?...
കടുപ്പമറ്റ ചുടു കാപ്പിയില്‍
വിരലുമുക്കി നുണയുന്ന
നരച്ചയെന്റെ കണ്ണ്
പിന്നെ!
എവിടെയായിരിക്കും കക്കകള്‍ പരതിയത്...

Wednesday, September 9, 2009

വാക്ക്

വാക്ക്
കരിപിടിച്ച ഉറിയില്‍നീ
കൊളുത്തിവെച്ചതൊരു കണ്ണാണ്.
കനവിന്ടെ നീലച്ച കണ്ണ്.
പുതക്കാനും, രഹസ്യങ്ങള്‍
മൂടിവെക്കാനുമുള്ള അടുപ്പുക്കല്ലില്‍നീ വരച്ചുചെര്‍ത്തതൊരുസ്വപ്നമാണ്.
തലമുറകളുടെ ജീവനുരഞ്ഞ്തിളക്കമാര്‍ന്ന സ്വപ്നം.
മുറിഞ്ഞുപെയ്യുന്ന വാക്കില്‍ നീ
കുടഞ്ഞെറിഞതെന്ടെ തൂവ്വലാണ്.
മുറിവിന്ടെ മുനകൊണ്ട് സ്വയം തീ തീര്‍ത്ത തൂവ്വല്‍.
ചരലുവീഴുന്ന കാതില്‍ നീതൊട്ടുണര്‍തി
യതെന്ടെലക്ഷ്യമാണ്.
അണഞ്ഞുവീഴുന്പോഴുംചൂന്ടുവിരല്‍
കൊണ്ടുഞാന്‍ മുറുക്കിയ ലക്ഷ്യം
നിറം ചേര്‍ത്ത് വെച്ച നിന്‍ ചുഴിയില്‍
ഞാന്‍ മറച്ചുവെച്ചതെന്ടെ മുഖമാണ്.
കനലുകള്‍ പുകയുന്ന മുഖം.