Tuesday, December 15, 2009

പറഞ്ഞു നനഞ്ഞെന്ടെ ചോര വാര്‍ന്നിരിക്കുന്നു

രാത്രി

ചിന്തകളെ ചുട്ടെടുക്കാനുള്ളതാണ്‌,

പകല്‍ ശൂന്യതയില്‍ നടന്നുതീര്‍ക്കാനും.

പിന്നെ മരിക്കാന്‍ എവിടെയാണു നേരം.

അതെ...

മൂന്നമതൊരു നേരം വേണം.

തേങ്ങലിന്‍ മുനകളില്ലാതെ,

കൂര്‍ക്കംവലിയുടെ തെറികളില്ലാതെ,

ഇരുട്ടും വെളിച്ചവുമില്ലാത്ത നേരം.

ക്ലോക്കില്‍നിന്നും തെറിച്ചുനില്ക്കുന്നനേരം.

തണുപ്പില്‍ ഇഴഞ്ഞിറങ്ങാനുള്ള നേരം.

ഛെ.....

നിനച്ച സ്വപ്നങ്ങളില്‍ നിഴലു തൂര്‍ന്നിരിക്കുന്നു.

മരിച്ച കടലുകളില്‍ കാലമിരമ്പുന്നു.

കറുത്ത മേഘങ്ങളില്‍

കനിവിന്ടെ ജീവനൊളിക്കുന്നു.

ഇപ്പോള്‍.....

മുഷിഞ്ഞ ഭാവനയില്‍ നിണം പൊടിയുന്നു.

ഇന്നും....

പറഞ്ഞു നനഞ്ഞെന്ടെ

ചോര വാര്‍ന്നിരിക്കുന്നു

Friday, December 4, 2009

എന്തിനായിരിക്കുംചിലന്തികള്‍

തിളങ്ങുന്ന വജ്രനൂലുകള്‍എന്തിനെന്ന്‌
നിനക്കറിയാം.
ജല്പനംകൊണ്ട്‌ ഹരിച്ചും,
പ്രണയംകൊണ്ട്‌ ഗുണിച്ചും,
സ്വപ്നങ്ങളുടെ ചതുര-വട്ടങ്ങളില്‍ രമിച്ചും
എത്ര കാലമായി
ഈചരിത്രകാരന്മാര്‍
മറവികളില്‍ ഊളിയിടുന്നു.
ഇരുമ്പ് മാംസത്തിലേക്കെത്തി-
നോക്കുമ്പോലെ നിഴലുകള്‍ പിടയുമ്പോഴും,
അളയില്‍നിന്നൂര്‍ന്നു വീഴുന്ന
പ്രതീക്ഷകളില്‍ ‍വാളുകള്‍ രണ്ടായി പകുക്കുമ്പോഴും,
ചിരിയുടെ രൌധ്രതകളില്‍ കോമ്പല്ലുകള്‍
ചൂണ്ടുവിരലിനെ മുറിപെടുത്തുമ്പോഴും,
നുരഞ്ഞുപൊന്തുന്ന ഗ്ലാസ്സുകള്‍
കനവില്‍
കളംവിട്ടോടിയകലുമ്പോഴും
മതിവന്ന രതിയില്‍
മരണം വെറുമൊരു
കുറുകലായിപിടഞൊടുങ്ങുമ്പോഴും..........
എന്തിനായിരിക്കും
ചിലന്തികള്‍
മച്ചിന്‍പുറങ്ങളില് ‍താളമിടുന്നത്‌!